മാണി സി. കാപ്പന് ചരിത്ര വിജയം നേടും: രമേശ് ചെന്നിത്തല
പാലാ: ജനദ്രോഹ നടപടികളുമായി മുമ്പോട്ടുപോകുന്ന ഇടതുമുന്നണിയില്‍നിന്ന് ആദ്യം രക്ഷപ്പെട്ട മാണി സി. കാപ്പന് കെഡിപിയുടെ സ്ഥാനാര്‍ഥിയല്ല മറിച്ച്, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പാലാ നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വിദ്യാര്‍ഥികളെയും വഞ്ചിച്ച ഇടതുമുന്നണിക്ക് ജനം മറുപടി നല്‍കും. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയര്മാന് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി മാണി സി. കാപ്പന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പി.സി. തോമസ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, തോമസ് കല്ലാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു എന്നിവര്‍ പ്രസംഗിച്ചു.
ഇത് അവസാനത്തെ അങ്കം: മാണി സി. കാപ്പന്
സ്ഥിരമായി മത്സരിച്ച് റിക്കാര്‍ഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുകയാണ് ഉദ്ദേശ്യമെന്നും മാണി സി. കാപ്പന്. പാലായിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ട് വഴിമാറുമെന്നും കാപ്പന് പറഞ്ഞു.
വര്‍ഗീയ കലാപങ്ങളില്ലാത്ത നാടായി എല്‍ഡിഎഫ് കേരളത്തെ മാറ്റി: എം.സ്വരാജ്
പാലാ: വര്‍ഗീയ കലാപങ്ങളില്ലാത്ത, നാടായി എല്‍ഡിഎഫ് കേരളത്തെ മാറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എല്‍ഡിഎഫ് പാലാ മണ്ഡലം സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫ് മണ്ഡലം ചെയര്മാന് ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്, സ്ഥാനാര്‍ഥി ജോസ് കെ. മാണി, മുതിര്‍ന്ന സിപിഎം നേതാവ് കെ.ജെ. തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ. ശശിധരന്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, നേതാക്കളായ സജേഷ് ശശി, പി.കെ. ഷാജകുമാര്‍, അഡ്വ. ജോസ് ടോം, ഔസേപ്പച്ചന് തകടിയേല്‍, ബെന്നി മൈലാടൂര്‍, കെ.എസ്. രമേശ് ബാബു, ബോബന് ടി. തെക്കേല്‍, ഔസേപ്പച്ചന് ഓടയ്ക്കല്‍, ബേബി ഉഴുത്തുവാല്‍, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സാജന് തൊടുക, ടോബിന് കെ. അലക്സ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ തോമസ്, നിമ്മി മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 1001 അംഗ ജനറല്‍ കമ്മിറ്റിയേയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
എൽഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം
ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഇന്നു മുതല്‍ 24 വരെ നടക്കും. ബൂത്ത് കണ്‍വന്‍ഷനുകള്‍ 27-നകം പൂര്‍ത്തിയാക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മേലുകാവ്, വൈകുന്നേരം നാലിന് തലപ്പലം, അഞ്ചിന് മുത്തോലി, ആറിന് രാമപുരം എന്നിവിടങ്ങളില്‍ കണ്വന്ഷന് നടക്കും. 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലനാട്, വൈകുന്നേരം നാലിന് മൂന്നിലവ്, അഞ്ചിന് ഭരണങ്ങാനം ആറിന് കടനാട് എന്നിവിടങ്ങളിലും 24നു വൈകുന്നേരം നാലിന് എലിക്കുളം 4.30ന് മീനച്ചില്‍, അഞ്ചിന് കൊഴുവനാല്‍, ആറിന് കരൂര്‍ എന്നിവിടങ്ങളിലും കണ്‍വന്‍ഷനുകള്‍ നടക്കും.
പത്രികാസമര്‍പ്പണം നാളെ
ജോസ് കെ. മാണി നാളെ രാവിലെ 11.30ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പാലാ മിനി സിവില്‍ സ്റ്റേഷനില്‍ എത്തി ഉപവരണാധികാരി മീനച്ചില്‍ തഹസില്‍ദാര്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
മുഖ്യമന്ത്രി 25ന് പാലായില്‍
ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് 25ന് പാലായില്‍ എത്തും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സ്ഥാനാര്‍ഥി ജോസ് കെ. മാണിയും എല്‍ഡിഎഫ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഷോണ്‍ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു
പാലാ: എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് നാമനിര്‍ദേശപ്രതിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മീനച്ചില്‍ തഹസില്‍ദാറുമായ രഞ്ജിത്ത് ജോര്‍ജ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി ഷോണ്‍ ജോര്‍ജ് പാലായിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാ സ്പീക്കറും ആയിരുന്ന ആര്.വി. തോമസ്, മുന്‍ മന്ത്രി കെ.എം. മാണി എന്നിവരുടെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചു.
ബിജെപിയുടെയും ഘടകകക്ഷികളുടെയും പ്രമുഖ നേതാക്കളായ എസ്. ജയസുര്യന്‍, ജോര്‍ജ് ജോസഫ്, പി.ജെ. തോമസ്, രഞ്ജിത് പാട്ടീല്‍, സുമിത് ജോര്‍ജ്, സെബി പറമുണ്ട, സരീഷ് കുമാര്‍, ജി. അനീഷ്, വി.എസ്. ഷാനു, രാജേഷ് പല്ലാട്ട്, പി.ആര്. മുരളിധരന്, ബിനീഷ് ചൂണ്ടച്ചേരി, കെ.എസ്. അജി, വത്സല ഹരിദാസ്, സിബി ചിന്നുസ്, കെ.കെ. ജയചന്ദ്രന്, പ്രകാശ് മംഗലത്ത്, അനിഷ് ഇരട്ടയാനി എന്നിവരും ഒപ്പമുണ്ടായിരുന്നു.